കൊച്ചി: എടിഎമ്മുകള്‍ ഇനി പണം എടുക്കാനുള്ള ഇടം മാത്രമല്ല. ഇനി, നിങ്ങളുടെ പൊക്കവും തൂക്കവുമൊക്കെ അറിയാം, എടിഎമ്മില്‍ നിന്ന്. ദക്ഷിണേന്ത്യയിലെ പ്രമുഖ ബാങ്കായ ലക്ഷ്മി വിലാസ് ബാങ്കാണ് ഇത്തരത്തിലെ സൗകര്യം ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂരിലെ ഒരു എടിഎമ്മിലാണ് പൊക്കവും തൂക്കവും നോക്കാനുള്ള സൗകര്യം ബാങ്ക് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ എടിഎമ്മുകളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ബാങ്ക്.
എടിഎം കൗണ്ടറുകളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവര്‍ധിത സേവനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്. ഇതുവഴി എടിഎം കൗണ്ടര്‍ വഴിയുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കാനാണ് ബാങ്കുകള്‍ ലക്ഷ്യമിടുന്നത്. എടിഎമ്മുകള്‍ വഴിയുള്ള ഇടപാടുകള്‍ വര്‍ധിക്കുന്നത് ചെറുബാങ്കുകള്‍ക്ക് ഏറെ അനുഗ്രഹമാണ്. എടിഎമ്മുകളിലൂടെയുള്ള ഇടപാടുകളുടെ ശരാശരി ചെലവ് ബാങ്ക് കൗണ്ടറിലൂടെയുള്ള ഇടപാടിനെക്കാള്‍ കുറവാണ്.
ലക്ഷ്മി വിലാസ് ബാങ്കിന്റെ ചുവടുപിടിച്ച് കൂടുതല്‍ ബാങ്കുകള്‍ തങ്ങളുടെ എടിഎം കൗണ്ടറുകളില്‍ ഇടപാടുകാര്‍ക്ക് പൊക്കവും തൂക്കവും നോക്കാന്‍ സൗകര്യമൊരുക്കും.
അതിനിടെ, ഇന്ത്യന്‍ ബാങ്ക് തങ്ങളുടെ എടിഎമ്മുകളിലൂടെ വിമാനടിക്കറ്റിന് പണമടയ്ക്കാനുള്ള സൗകര്യമേര്‍പ്പെടുത്തി. സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷറുമായി ചേര്‍ന്നാണ് ഇത്.
ഇത്തരം മൂല്യവര്‍ധിത സേവനങ്ങള്‍ എടിഎമ്മുകളിലൂടെ വ്യാപാകമാക്കുക വഴി പുതുതലമുറ എടിഎമ്മുകളെ കൂടുതല്‍ ആശ്രയിക്കുമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ